കൊമ്പുകുത്തി: ഏഴ് പതിറ്റാണ്ടുമുമ്പ് ജനവാസം ആരംഭിച്ച കോരുത്തോട് പഞ്ചായത്തിലെ കൊമ്പുകുത്തി കണ്ണാട്ടുകവല - മുളങ്കുന്ന് റോഡ് നവീകരിക്കണമെന്ന ആവശ്യം ശക്തം. ആദിവാസി വിഭാഗങ്ങളും സാധാരണക്കാരുമായ മുപ്പതിലധികം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിലേക്കുള്ള റോഡ് തകർന്ന അവസ്ഥയിലാണ്.
കണ്ണാട്ട് കവലയിൽ നിന്നു കയറുന്ന 300 മീറ്ററോളം ഭാഗം വനത്തിലൂടെയാണ് കടന്നു പോകുന്നത്. ഇവിടെ റോഡ് നിർമാണം നടത്തുന്നതിന് വനം വകുപ്പ് തടസം നിൽക്കുന്നതാണ് പ്രധാന പ്രതിസന്ധി.
റോഡ് നവീകരണത്തിനായി ത്രിതല പഞ്ചായത്തുകൾ ഫണ്ട് അനുവദിക്കാറുണ്ടെങ്കിലും വനം വകുപ്പ് നവീകരണ പ്രവർത്തനത്തിന് അനുമതി നൽകാത്തതുമൂലം നിർമാണം നടക്കുന്നില്ല. കുണ്ടും കുഴിയും നിറഞ്ഞ മൺപാതയിലൂടെ 300 മീറ്റർ സഞ്ചരിച്ചാൽ കോൺക്രീറ്റ് റോഡിലെത്താം. വനാതിർത്തി മേഖലയായതുകൊണ്ട് തന്നെ വന്യമൃഗ ശല്യവും ഇവിടെ രൂക്ഷമാണ്. അത്യാവശ്യഘട്ടത്തിൽ ആളുകൾക്ക് ആശുപത്രിയിൽ പോകണമെങ്കിൽ പോലും റോഡ് തകർന്നുകിടക്കുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
വനത്തിലൂടെയുള്ള 300 മീറ്റർ ദൂരം റോഡ് നവീകരിക്കുന്നതിന് അനുമതി ലഭിച്ചാൽ മുളങ്കുന്ന് മേഖലയിലേക്കുള്ള ആളുകളുടെ യാത്ര സുഗമമാകും. അധികൃതർ റോഡ് നവീകരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.